Thursday 31 January 2019

പ്രണയ കല്പനകൾ

.ആശുപത്രിയുടെ നീളൻ വരാന്തയിൽ കാത്തിരിക്കുന്നതിനിടെയാണ്  അവൾ ആ ദമ്പതികളെ  ശ്രദ്ധിച്ചത്.  കാത്തിരുന്ന് മുഷിഞ്ഞ്  ആ  സ്ത്രീ അയാളുടെ  മടിയിൽ തല വച്ച് കിടന്നു. അയാൾ വാത്സല്യപൂർവ്വം അവരുടെ തലയിൽ തടവി.  ഈ പ്രായത്തിലും  അവർക്കിടയിലെ  പ്രണയം അവളിൽ  കുറച്ചൊരസൂയ ഉളവാക്കി. നേരെ എതിർ ദിശയിൽ  കണ്ട  പ്രതിബിംബം  തന്നെ നോക്കി സഹതപിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. ദുർമേദസില്ലാത്ത ശരീരം അവൾക്കഭിമാനമേകാറുണ്ടെങ്കിലും.   പ്രണയ ദാരിദ്രത്താൽ അവളുടെ ആത്മാവ് ഖിന്നയായി .ജീവിത വ്യവഹാരങ്ങളുടെ അനിവാര്യതകൾ  തേടിയകന്ന  പ്രവാസം പ്രണയത്തെ  മറന്നിരിക്കുന്നു.  അടിച്ചേൽപ്പിക്കപ്പെട്ട  വിരഹം  പെണ്ണിന്റെ സഹനത്തിന്റെ  അളവുകോലാണ്. വീണു കിട്ടുന്ന ഇടവേളകൾ വിരഹത്തെ പരിഹരിക്കുന്നുണ്ടോ. വികാരവിചാരങ്ങളില്ലാത്ത  യന്ത്രം കണക്കെ മറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കുന്നുവെന്നല്ലാതെ.
നോക്കി നിൽക്കേ പ്രതിബിംബത്തിന് പ്രായത്തിന്റെ ചുളിവുകൾ വീണു തുടങ്ങി.  മോഹങ്ങൾക്കും സ്വപ്നനങ്ങൾക്കും ജരാനരകൾ ബാധിച്ചു .പതിവ്രതയായ ഭാര്യയെന്ന അഭിമാനബോധം ഒരു നഷ്ടബോധം കൂടിയായി. യൗവനത്തിന്റെ തീക്ഷണതയിൽ എവിടെയൊക്കെയോ പറന്നു നടന്ന് പ്രണയിക്കമെന്ന മോഹങ്ങൾ വെറും വ്യാമോഹങ്ങളായിരുന്നു.


സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അയാളെ ഇപ്പോൾ കാണാറില്ലല്ലോ. കാണുമ്പോൾ എപ്പോഴും തന്നെ നോക്കി ചിരിക്കുന്ന ബംഗാളിയെ കുറിച്ച് അവളോർത്തു. എന്താണാ ചിരിയിലുള്ളത്. ഭോഗാസക്തി ഉറങ്ങി കിടക്കുന്ന പ്രവാസി ഭാര്യയെയാണോ അയാൾ തന്നിൽ കണ്ടിട്ടുണ്ടാവുക. അതിലപ്പുറം ചിന്തിക്കാനുള്ള മാനസിക വികാസം അയാൾക്കുണ്ടാവുമോ. ഉണ്ടായിരിക്കാൻ വഴിയില്ല.  ചിന്തകൾക്ക്  കടിഞ്ഞാണിടാൻ സാധിക്കാത്തിടത്തോളം  അയാൾക്കെന്ത് വേണമെങ്കിലും  കരുതാം. കൂട്ടിന് ഭാര്യ യില്ലാത്ത അയാൾ അശ്ലീലങ്ങൾ കണ്ട് ആസ്വദിക്കുന്നുണ്ടാകാം. സ്വന്തം ഭാര്യയുടേതല്ലാത്ത  മറ്റൊരുവളുടെ  ശരീരം അല്ലെങ്കിലൊരുകിടപ്പറ  ദൃശ്യം  കാണുന്ന അയാളിൽ പ്രണയം എന്ന വികാരം ഉണ്ടാകുമോ.
എന്റെ  പ്രിയകാമുകാ  നിന്റെ  പ്രണയത്തെ നിർദ്ദയം  തള്ളിയതിൽ  ഞാൻ  ഖേദിക്കട്ടെ. നീ അറിഞ്ഞിരുന്നോ  ഈ അനാഥയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും നിയന്ത്രണങ്ങളുണ്ടായിരുന്നെന്ന്.  നിന്നിലെ കറുപ്പാണതിന് കാരണമെന്ന് നീ കരുതുന്നുണ്ടോ.  ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിടക്കുന്ന പ്രണയത്തെല്ലാതെ കറുപ്പിനോടോ വെളുപ്പിനോടോ പ്രത്യേകിച്ചെനിക്കൊരു മമതയുമില്ല. കൗമാരത്തിലെനിക്കു നേരെ വന്ന പ്രണയാർത്ഥനകളിർ നിന്നിലുണ്ടായിരുന്ന  ആത്മാർത്ഥത  നിന്റെ വിഷാദഛായയിൽ  ഞാനിന്ന് കാണുന്നു.
ആവിഷ്കാരിക്കാനാകാത്ത  പ്രണയവും അങ്ങാത്ത  ഭോഗതൃഷ്ണയും  തമ്മിലുള്ള യുദ്ധത്തിൽ  പ്രണയം  തോറ്റു  പോകുന്നു. ഹൃദയത്തിന്റെ ആഴങ്ങളിലുറങ്ങിക്കിടക്കുന്ന  പ്രണയത്തെ ഉണർത്താനാകാതെ ആത്മാവിന്റെഅലച്ചിലുകൾ അവസാനിക്കുന്നില്ല. സ്വയം സൃഷ്ടിച്ചെടുക്കാൻ   ശ്രമിച്ച  പ്രണയമുഹൂർത്തങ്ങൾ  അവഗണിക്കപ്പെടുമ്പോഴുള്ള  നഷ്ടബോധം തന്നെയൊരു  പ്രതികാര  ദാഹിയാക്കുമോ എന്നവൾ ഭയന്നു. "എന്തിന് ജീവിക്കുന്നു" വാർദ്ധക്യം  ബാധിച്ച  പ്രതിബിംബം ചോദ്യശരങ്ങളെയ്തു. പേറ്റുനോവുകൾക്ക് വേണ്ടി  ജീവിച്ചല്ലേ  മതിയാകൂ.  തനിക്ക് പ്രായമായി  തുടങ്ങിയെന്ന  കണ്ടെത്തൽ അവളിലൊരു വികാര വിചാരങ്ങളുമുണ്ടാക്കിയില്ല.  മരണമെന്ന വിളിക്കാതെ വന്നെത്തുന്ന  അതിഥിയെ  ആഗ്രഹിക്കുന്നുണ്ട്   പലപ്പോഴും സഫലമാകാത്ത   പ്രണയവും എന്തിനോ വേണ്ടി കാത്തു സൂക്ഷിച്ച പാതിവ്രത്യവും.

No comments:

Post a Comment

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...