Saturday 20 November 2021

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മനസിലുറപ്പിച്ചിരുന്നു എന്നത്തേയും പോലെ . അവധിക്കാലങ്ങളിലെ ഇംഗ്ലീഷ് ഭാഷാ ക്ലാസുകൾ അവിടെ പതിവായി നടക്കാറുള്ളതാണ്. നാല് വർഷമാകുന്നു ആ പരിസരവുമായി മുംതാസ് പരിചയപ്പെട്ടിട്ട്. നാല് വർഷം ആയുസ്സുള്ള പ്രണയത്തിന്റെ ആദ്യവും അന്ത്യവും കുറിക്കുന്ന ഒരിടം.  ദാമ്പത്യ ബന്ധത്തിന്റെ വിരസതകൾക്കും വേദനകൾക്കുമിടയിൽ താൻ കണ്ടെത്തിയ ആശ്വാസ തുരുത്ത്. നടത്തത്തിന്റെ അവസാനം അവൾ ക്ലാസ് മുറിയുടെ വാതിൽക്കലെത്തി. 

ആരോ അകത്തിരുന്ന് സംസാരിക്കുന്നുണ്ട്.  ഒരു കുട്ടിയും കൂടെയുള്ളത് അവന്റെ മാതാപിതാക്കളായിരിക്കണം. താൻ വരുമെന്ന്       അറിയിച്ചിരുന്നു.         പുറത്തെ വിശാലതയിലേക്ക് നോക്കി മുംതാസ് കാത്ത് നിന്നു ,നിരന്തരമായ യാത്രയിൽ  ക്ഷീണിച്ച് തളർന്ന ദേശാടനപ്പക്ഷി വിശ്രമിക്കാനിരുന്ന തുരുത്തിൽ നിന്ന് ആവോളം ഊർജ്ജം സംഭരിച്ച് യാത്ര തുടരാൻ സമയമായെന്ന പോലെ .

നഗര വീഥിയിൽ ജോലിയും പഠിപ്പുമൊക്കെ കഴിഞ്ഞ് ആളുകൾ വീട്ടിലേക്ക് മടങ്ങുന്നതിന്റെ  തിരക്ക് ആകെ ശബ്ദമുഖരിതം. ഇരുട്ടുന്നതിന്റെ മുമ്പ് തനിക്ക് വീട്ടിലെത്തണം: ആകെ ഒരു മണിക്കൂർ അത്രയും സമയം അതിനുളളിൽ യാത്ര പറഞ്ഞ് ഇറങ്ങേണ്ടിയിരുന്നു. കുറേ നാൾ കൂടി കണ്ടുമുട്ടുന്നതിന്റെ ആഹ്ലാദമോ എല്ലാം പറഞ്ഞ് പിരിയുന്നതിന്റെ ആകുലത യോ ഇല്ലാത്ത ഒരു തരം നിസംഗത അവളെ ബാധിച്ചിരുന്നു. താൻ ആദ്യമായി ഇവിടെ കയറി വന്ന ദിവസം അവളോർത്തെടുത്തു. അതിനും മുമ്പ് മകന്റെ സ്കൂളിലെ പാരന്റിംഗ് ക്ലാസിലാണ് മാഷെ പരിചയപ്പെട്ടത്. അതിനു ശേഷമെത്ര കൂടി ക്കാഴ്ചകൾ വിദ്യാർത്ഥിയുടെ രക്ഷിതാവെന്ന സ്ഥാനം വിട്ട് മറ്റു പലതുമായിത്തീർന്ന കാഴ്ചകൾ . ദിനേനയുള്ള ഫോൺ വിളികൾ, വാട്ട്സാസാപ്പ് സന്ദേശങ്ങൾ. പ്രണയം ആശിച്ചു നടന്ന ഒരുവളെ പ്രണയത്തിന്റെ എല്ലാ നോവും അനുഭൂതിയുമറിയിച്ച നാളുകൾ, കൂടെ ഒരന്യപുരുഷനുമായി പ്രണയത്തിലേർപ്പെട്ടതിന്റെ കുറ്റബോധവും .പരസ്പരം കണ്ടുമുട്ടിയപ്പോഴൊന്നും  സംസാരിച്ചതേയില്ല. മൗനമായിരുന്നു തങ്ങളുടെ  ഭാഷ      ആ നിമിഷങ്ങളിലൊക്കെ സങ്കടങ്ങൾ അവൾ മറന്ന് പോയിരുന്നു.    താൻ  ആത്മാവ് കൂടി നഗ്നയാക്കപ്പെട്ടവളായി.
 രണ്ട് സമാന്തരേഖകളുടെ സംഗമം പോലെ അനിവാര്യമായ ആ കൂടിക്കാഴ്ചകളിലായി ലിരിക്കണം എവിടെയോ മറന്ന് വച്ച എന്നെ ഞാൻ വീണ്ടെടുത്തത്
അതിൽ പിന്നെയാണ് ഓർമ്മകളെനിക്ക് പ്രിയപ്പെട്ടവയായത് 
നമ്മൾ ചിലവഴിച്ച ഓരോ നിമിഷങ്ങളും എന്നിലിന്നും മായാതെ ഇങ്ങനെ നിലനിൽക്കുന്നത്
നീ പറഞ്ഞ ഓരോ വാക്കും ഞാൻ ഓർത്തു വയ്ക്കുന്നത് 
പ്രിയപ്പെട്ടവനേ ഞാൻ നിന്നെ സ്നേഹിക്കുന്നു 
ഈ പ്രപഞ്ചത്തോളം"
പ്രണയിക്കാതിരിക്കാൻ നമ്മൾക്കിടയിൽ ഒരു കാരണവുമുണ്ടായില്ല.

പ്രണയം എന്നത്    ജീവിതത്തിൽ സംഭവ ക്കുന്ന ഒരു സ്വാഭാവിക പ്രക്രിയ പോലെ പലപ്പോഴും തന്റെ  ആധികളെ ഒരു പൊട്ടിച്ചിരിയിലൂടെ ഇല്ലാതാക്കി മനോഹരമായ പ്രണയാനുഭുവങ്ങളായി മാറുകയായിരുന്നു  . അതെ ഈ പ്രണയമാണ് എന്നെ  ഞാനാക്കിയത്. എന്നിലെ ഉൾക്കരുത്തിനെ ഒന്ന് തേ
ച്ച് മിനുക്കിയത്. എന്തും നേരിടാൻ തന്നെ പ്രാപ്തയാക്കിയത്. ആത്മാവില്ലാത്ത ഉടൽ വേഴ്ചകൾ അപ്രസക്തമായ ആത്മീയാനുഭൂതി നിറഞ്ഞ ഒരു പ്രണയകാലം .

" മാഷിനെങ്ങനെ ഇത് സാധിക്കുന്നു ഇത്ര തീവ്രമായി ഇങ്ങനെ പ്രണയിക്കാൻ "
        "അപ്പൊ നിനക്കോ മുംതാസ്"
"അതെന്റെ സാഹചര്യമല്ലേ ഞാനൊരു സാധാരണ പെണ്ണ് ഭർത്താവിന് വിധേയപ്പെട്ട് വീട്ടിൽ അടങ്ങി ഒതുങ്ങിക്കഴിയുന്ന ആഗ്രഹങ്ങളും അവകാശങ്ങളും മില്ലാത്ത ഒരു കുലസ്ത്രീ " ഒരു പരിഹാസചുവയുണ്ടായിരുന്നു   വാക്കുകൾക്ക് .  
                 " മാഷ് അങ്ങിനെയാണോ നിങ്ങൾ ആണുങ്ങൾക്ക് ഒരു പാട് പ്രയോരിറ്റികളില്ലേ "
  "എല്ലാവരും സാധാരണ മനുഷ്യരാണ് മുംതാസ് എല്ലാവർക്കും സാഹചര്യങ്ങളുണ്ട്.
എന്നെ തീവ്രമായി സ്നേഹിക്കാൻ ഒരു പെണ്ണ് വേണമായിരുന്നു. എന്റെ മനസ് എന്നും അത് തിരഞ്ഞിരുന്നു ".

     "ശരിയാണ്, പ്രണയം ഞാൻ എന്നും തിരഞ്ഞിരുന്നു.  പ്രണയത്തിനല്ലാതെ മറ്റൊന്നു കൊണ്ടും എന്നെ തൃപ്തയാക്കാൻ കഴിയുമായിരുന്നില്ല "           
അവളുടെ ഊഴമായി, മുൻപത്തെ അനുഭവമോർത്ത് മുംതാസ് ഒന്നകലം വിട്ട് നിന്നു . അന്നൊരിക്കൽ മാഷ് തന്നെ നെഞ്ചോടടുക്കിപ്പിടിച്ചത്. മീശയില്ലാത്ത ചുണ്ടുകളാൽ തന്റെ ചുണ്ടുകളിലും കണ്ണുകളിലും ചുംബിച്ചത്. ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കാത്തൊരു കൂടിക്കാഴ്ച്ച ആയിരുന്നു    അത്. എങ്ങിനെയാണ് മറക്കാൻ സാധിക്കുക അത് പോലെ താനെന്നെങ്കിലും സ്നേഹിക്കപ്പെട്ടിരുന്നോ .
അന്ന് താനെത്ര കണ്ണീരൊഴുക്കി. പിന്നെ പിന്നെ അതെത്ര സുഖമുള്ള ഓർമ്മയായി.
          "എന്താണ് മുംതാസ് " അവൾ ചിന്തകളിൽ നിന്ന് ഉണർന്നു
കണ്ണുകളിൽ പ്രണയത്തിന്റെ തീവ്രത . നോക്കി നിൽക്കാനാകാതെ അവൾ കണ്ണുകൾ പിൻവലിച്ചു.
"എന്റെ വിവാഹമുറപ്പിച്ചു "
അയാളുടെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു എത്ര നാളാ നമ്മളിങ്ങനെ.
 ."പ്രണയമെന്നാൽ ഒന്നിച്ചു ജീവിക്കലാണോ മുംതാസ് ".
"അല്ല,
ആർക്കും ഒരുമിച്ച് ജീവിക്കാൻ സാധിക്കണമെന്നില്ല "
പക്ഷേ ജീവിതത്തിൽ പ്രണയം ഞാനെത്രയോ ആഗ്രഹിച്ചിട്ടുണ്ട് , ഒന്ന് സ്നേഹിക്കപ്പെടാൻ എത്ര യാചിച്ചിട്ടുണ്ട്.
എല്ലാത്തിനോടും പൊരുത്തപ്പെടുകയായിരുന്നു ഞാൻ . പക്ഷേ ഇനിയെനിക്ക് സാധിക്കില്ല ഇങ്ങനെ ജീവിതം നീട്ടിക്കൊണ്ട് പോകാൻ . ഒരു വീട്ടിനകത്ത്  അപരിചിതരെപ്പോലെ ഉടൽ മാത്രം പങ്ക് വയ്ക്കുന്നവരായി, എത്ര നാളാണിങ്ങനെ. അത് കൊണ്ട് ഞാനിറങ്ങിപ്പോന്നു. ഒരു വ്യക്തിയാണെന്ന അംഗീകാരം ഇല്ലാതെ എന്നുമിങ്ങനെ വിധേയപ്പെട്ട്  ജീവിക്കാൻ എനിക്ക് വയ്യ.
      
 അയാൾ പതിവ് പോലെ അവളെ തൊടാൻ കയ്യൊന്ന് നീട്ടി,   അതവഗണിച്ച്   അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു
" നമുക്കൊന്ന് ഇറങ്ങി നടക്കാം "
അവൾ വരാന്തയിലേക്കിറങ്ങി
 കുട്ടികൾ പന്ത് കളിക്കുന്നുണ്ട്. മൈതാനത്തിന് നടുവിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു വൻ വൃക്ഷം. ആകാശത്ത് സൂര്യവെളിച്ചമടിച്ച സ്വർണ്ണ മേഘം. സൂര്യൻ അസ്തമിക്കാനുള്ള ഒരുക്കത്തിലാണ് , കൂട്ടിലേക്ക് മടങ്ങുന്ന കിളികൾ . ദൂരെ ഒരു കാക്കത്തുരുത്തുണ്ട്. കൂട്ടമായി കാക്കകൾ പാർക്കുന്ന സ്ഥലം. അന്തിമയങ്ങി തുടങ്ങുമ്പോൾ കാക്കകളുടെ ശബ്ദത്താൽ മുഖരിതമാകും അവിടം . എണ്ണിത്തുടങ്ങിയാൽ എണ്ണം തെറ്റിച്ച്  പറന്നും പോയും  പിന്നെയുമെത്തും അവ.
           "ആരാണാ ഭാഗ്യവാൻ "
" കൂട്ടുകാരിയുടെ ഭർത്താവാണ് "
" കൂട്ടുകാരിക്കെന്ത് പറ്റി "
" മരണപ്പെട്ടു"
ബൈക്ക് ആക്സിഡന്റായിരുന്നു .അവളുടെ ഭർത്താവിന് ഒരു കാൽ നഷ്ട്ടപ്പെട്ടു. ഒരു ജീവിതം  കൊടുക്കണം. രണ്ട് പെൺകുട്ടികളാണ് ആ അനാഥരുടെ അമ്മയാകണം കൂടാതെ എന്റെ കുഞ്ഞുവിനു കൂട്ടുകാരും വേണം.
അവൾ കുറെ ആശിച്ചതാണ് ഒരു കുഞ്ഞനിയത്തിയെ, പക്ഷേ എനിക്കിനിയും അയാളുടെ ,എന്റെ പഴയ ഭർത്താവിന്റെ , മക്കളെ  പ്രസവിക്കണ്ടായിരുന്നു. " 

"എങ്കിലും നിനക്കെങ്ങനെ സാധിക്കുന്നു വിവാഹം മോചനം നേടി ഈ ആറു മാസങ്ങൾക്കുള്ളിൽ മറ്റൊരാളുമായി . പൊരുത്തപ്പെടാൻ , എന്നെയും ഒഴിവാക്കുകയാണോ"

"സാധിക്കണം , ഞാനെല്ലാവരെയും ഉപേക്ഷിച്ച് പോന്നതാണ്.  ഇനിയൊരു തിരികെ  വിളി ഇല്ലാതിരിക്കാൻ അതാണ് . നല്ലത്.   ഇമോഷനൽ ബ്ലാക്ക് മെയിലിങ്ങിന് കൂടി മറ്റുള്ളവർക്ക് സാധിക്കാത്ത വിധം . ഇതെന്റെ മാത്രം തീരുമാനമാണ്. അവർ പലതും പറയുന്നുണ്ടാകും. മറ്റുള്ളവർ തീരുമാനമെ ടുത്ത്  ഒരു ജീവിതം തിരഞ്ഞെടുത്തു തന്നതല്ലേ . അത് പരാജയപ്പെട്ടിരിക്കുന്നു. അവരൊന്നും അത് സമ്മതിക്കാൻ തയ്യാറല്ലെങ്കിലും .
ഇനി എന്റെ ഊഴമാണ്, എന്റെ ഇഷ്ടം  എന്റെ തീരുമാനം  തന്റേടിയെന്നും,സാമർത്ഥ്യക്കാരിയെന്നുമൊക്കെ പറയട്ടെ ആവോളം . എല്ലാം ഞാൻ ചിരിച്ചു തള്ളും. "
"എന്തോ എനിക്ക് വല്ലാത്ത പക തോന്നുന്നു ഈ ചുറ്റുപാടുകളോടും സമൂഹത്തോടുമൊക്കെ ".
മറ്റുള്ളവർ അടിച്ചേൽപ്പിച്ച ബന്ധത്തിൽ എന്തും സഹിച്ച് തുടരണമെ
ന്ന് പറയുന്നതിന്റെ ന്യായമെന്താണ് .

" എനിക്ക് ഇപ്പഴും മാഷിനോട് സ്നേഹമാണ്, ഒരു നല്ല പ്രണയകാലം നമ്മളാസ്വദിച്ചില്ലേ മറ്റാരുമറിയാതെ , ഞാനെന്നും ഓർക്കും ഇനി ഞാൻ കാണാൻ വരില്ല. falling in love വല്ലാത്തൊരനുഭൂതിയാണ് അല്ലേ എവിടെയായാലും അവിടെയൊക്കെ ഉണ്ടെന്ന് തോന്നും. "
പക്ഷേ എത്ര നാളാ നമ്മളിങ്ങനെ
ഒരിക്കലും ഒരുമിക്കാൻ സാധിക്കാതെ ഇങ്ങനെ ജീവിതം എന്തിന്  നീട്ടിക്കൊണ്ട് പോകണം . ഇനി ബാക്കിയുള്ള ജീവിതം ആ ഒരാൾകെങ്കിലും ഉപകാരപ്പെടട്ടെ . ഞാൻ എന്നെ കൊണ്ടാവും വിധം ആത്മാർത്ഥത പുലർത്താൻ ശ്രമിക്കും "
പറഞ്ഞ് നിർത്തിയതും അവളുടെ കണ്ണിൽ നിന്ന് ഒരു നീർത്തുള്ളി ഉരുണ്ടു വീണു.
അയാളുടെ മുഖത്ത് നഷ്ടബോധത്തിന്റെ ഒരു വിഷാദ ഭാവം നിഴലിച്ചു. 
" ഞാൻ പോകട്ടെ സമയം വൈകുന്നു "
അവസാനത്തെ കൂടിക്കാഴ്ച ഹൃദ്യമായിരിക്കണമെന്ന വിചാരത്താൽ അവൾ ഒരു  കടുകു മഞ്ഞ സാരിയിൽ സുന്ദരിയായി ഒരുങ്ങിയിരുന്നു. നീളൻ മുടിയിഴകൾ ചെറിയ കാറ്റിൽ പാറിപ്പറന്നു .
" അവസാനമായി നിന്റെ 
കൈയ്യിലൊന്നു  ഞാൻ തൊടട്ടെ മുംതാസ് "
അയാളൊരു യാചനയോടെ അവളെ നോക്കി ചോദിച്ചു.

Friday 20 November 2020

സദാചാരം

അമ്മയെ വിളിക്കാനായി അവൾ ഫോൺ എടുത്തതാണ്  അത് ചത്തിരിക്കുന്നു. അവൾ ഭർത്താവിന്റെ ഫോൺ എടുത്തു.
പിന്നെ അതിലൊന്ന് പരതി. "ഛെ " നിറയെ അശ്ലീലങ്ങൾ . അവൾക്കറിയാം അതൊക്കെ കാണുെമെന്ന് . അതിനായി തന്നെ ഒരു വാട്ട്സാസാപ്പ് ഗ്രൂപ്പുണ്ട് . ദേഷ്യം അടിമുടി അരിച്ചു കയറി അതൊന്ന് എറിഞ്ഞ് പൊട്ടിക്കാൻ തോന്നിയെങ്കിലും
പിന്നീടുണ്ടാവുന്ന കോലാഹലങ്ങൾ ഓർത്ത് അവൾ വേണ്ടെന്നുവെച്ചു .
"ഛെ ,ഇന്നത്തെ ദിവസം പോയി കിട്ടി " അവൾ പിറുപിറുത്ത് അടുക്കളയിലെക്ക് കയറി.
 ജനലിനരികിൽ മൂടി വച്ചിരുന്ന പാത്രം അവൾ തുറന്ന് നോക്കി , നിറയെ ഉറുമ്പുകൾ
ഇന്നലെ ബാക്കി വന്ന അപ്പക്കഷണങ്ങൾ മൂടി വച്ചതായിരുന്നു. അവ
ചെറുതരികളാക്കി ചുമന്ന് സഞ്ചരിക്കുകയാണ് പുറത്തെവിടെയോ ഉള്ള ഭൂമിയിലെ ഗർഭത്തിലേക്ക് . അവൾ  പാത്രം എടുക്കാനാഞ്ഞു. "വേണ്ട, എന്തിനാ മിണ്ടാപ്രാണികെളെ ഉപദ്രവിക്കണം " എന്ന് മനസ്സ് പറഞ്ഞു, പാത്രം അനക്കാതെ വച്ചു. സംഘബോധത്തോടെ പരസ്പര വിശ്വാസത്തോടെ അവ നിരയായി സഞ്ചരിക്കുന്ന കാഴ്ച കൗതുകത്തോടെ കുറച്ചുനേരം നോക്കി  നിന്നുപോയി.
ജനവാതിലുകൾ തുറക്കാൻ ഭർത്താവ് അനുവദിക്കാറില്ല. എങ്കിലും കുറച്ച് വായുവും വെളിച്ചവും കിട്ടേട്ടേ എന്ന് കരുതി തുറന്നിട്ടു. 
പാത്രങ്ങൾ കഴുകി കൊണ്ടിരിക്കെ അവളുടെ കാഴ്ച ജനലിന്റെ പുറത്തേക്ക് പോയി അപ്പുറത്ത് കെട്ടിടത്തിൽ നിറയെ ബംഗാളികളാണ്. ലോക്ക് ഡൗണായപ്പോ മുഴുവൻ സമയം അവരുണ്ട്. ആദ്യമൊക്കെ അവിടുന്നൊരാൾ വെള്ളം ചോദിച്ചു വരാറുണ്ടായിരുന്നു. "അമ്മാ , പാനി " എന്ന്ചോദിച്ച് , കേൾക്കുമ്പോൾ അവൾക്ക് ചിരി വരും. ഏകദേശം തന്റെ തന്നെ പ്രായേമേ അയാൾക്കുള്ളൂ.   ആ ബഹുമാനം ഉണ്ടാകുമല്ലോ എന്ന് കരുതി ആ വിളി തിരുത്തിയില്ല. മുറി ഹിന്ദിയും മുറി മലയാളവുമായി അവർ പരസ്പരം സംസാരിച്ചു. പേര് ഭരതൻ മദ്ധ്യപ്രദേശുകാരൻ , ഭാര്യ സീമ നാല് കുട്ടികൾ അവൾ ഇവിടതന്നെ വീട്ടുജോലി ചെയ്യുന്നു. മക്കൾ അയാളുടെ നാട്ടിൽ അച്ഛൻറെയും അമ്മയുടെയും കൂടെ.
" അവരെ സൂക്ഷിക്കണം , അധികം ചങ്ങാത്തം വേണ്ട, വിശ്വസിക്കാൻ കൊള്ളാത്ത ജാതികൾ " ഭർത്താവ് അവളോട് കെറുവിച്ചു.
നാളുകൾ ശേഷം ഒരിക്കൾ ബസിൽ വച്ച് "അമ്മാ "എന്നൊരു പിൻവിളി
 ഭരതൻ ഭാര്യ സീമയുമായി . അവൾ നിറവയറായിരുന്നു പ്രസവം കഴിഞ്ഞ് നാട്ടിലേക്ക് പോകുമത്രേ.

ലോക്ക് ഡൗണിൽ ജോലി ഇല്ലാതെയായതിൽ പിന്നെ ഭർത്താവ് വീട്ടി തന്നെയുണ്ട്. അവളുടെ ജോലിഭാരം കൂടി .
കൊറോണ ഒന്ന് വേഗം പോയാൽ മതിയെന്ന് അവൾ ഇടക്കിടെ പറഞ്ഞു.
ചായയുടെ എണ്ണം കൂടിയിരുന്നു. ഭക്ഷണം വിളമ്പി പാത്രങ്ങൾ കഴുകി മടുത്തിരുന്നു.
അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് അവൾ വാതിലടച്ചു. ഉറുമ്പുകളും പാത്രം കാലിയാക്കി കൂടണഞ്ഞിരുന്നു.കുളി കഴിഞ്ഞ് അവൾ മുറിയിലേക്കെത്തി. കുട്ടികൾ കളി കഴിഞ്ഞ് ക്ഷീണിച്ച് ഉറങ്ങിയിരുന്നു. അയാൾ ആ ഫോണും കുത്തിപ്പിടിച്ച് ഇരിപ്പാണ്. വിരൽത്തുമ്പിനറ്റത്തെ വിശാലതയിൽ ഊളിയി ട്ട്  അശ്ലീലത ചേരുവ ചേർത്ത മത്തിക്കറി പരീക്ഷണങ്ങളും ആവിഷ്ക്കക്കാര സ്വാതന്ത്ര്യത്തിന്റെ കാൻവാസിൽ വരച്ചു ചേർത്ത ചിത്ര പ്രദർശനങ്ങളും കണ്ടാസ്വദിക്കുന്ന,
 പുറത്തിറങ്ങുമ്പോൾ എടുത്തണിയുകയും അകത്തേക്ക് കയറുമ്പോൾ അഴിച്ചിടുകയും  ചെയ്യുന്ന, അയാളുടെ  സദാചാര കുപ്പായത്തെ അവൾ  അപ്പാടെ വെറുത്തു .കഴുത്തിറക്കം കൂടിയ  നൈറ്റിയിലും കയറ്റിയുടുത്തപ്പോൾ കണ്ട കാൽവണ്ണയിലും അയാൾ പെണ്ണിലെ കുലീനത തിരഞ്ഞു. എന്തുകൊണ്ടോ അയാൾക്ക് അവളിെലെ അശ്ലീലതകൾ ആസ്വദിക്കാനായില്ല.
ഇനിയൊരങ്കത്തിനു കൂടി ആവതില്ലാത്ത വിധം അവൾ ക്ഷീണിച്ചിരുന്നു. കിടക്കാൻനേരം അകകാഴ്ചകൾക്കൊന്നും പഴുതില്ലെന്ന് ഉറപ്പു വരുത്തി ജനൽ പാളികൾ കുറ്റിയി
ടുന്നുണ്ടായിരുന്നു അയാൾ. 

Wednesday 25 September 2019

കോമാളികൾ

                        

      കുഞ്ഞുവിന് നല്ല പനി. മഴ തോരാതെ തരമില്ല.റോഡിലെവെള്ളം എപ്പോഴാണാവോ ഈ പടി കയറി വരുന്നത് ഇടമുറിഞ്ഞ്  ഇടക്കിടെ വെയിൽ കാണിച്ച് പറ്റിക്കുന്ന കർക്കിടക മഴയല്ല, ഇരുട്ടുകുത്തി ആർത്തലച്ച് ഭയപെടുത്തി ആരോടൊക്കെയൊ പ്രതികാരം ചെയ്യുന്ന മഴ, മഴയുടെ പ്രവചിക്കാനാവാത്ത  രൂപവും ഭാവവും.

                           മഴ തോർന്നതും രണ്ടും  കലപിച്ച് ഞാനിറങ്ങി. വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് പായുകയാണ് ജനങ്ങൾ. സൂര്യവെളിച്ചത്തിന്റെ ലാഞ്ചന പോലുമില്ലാത്ത സന്ധ്യയിൽ വീണ്ടും ഇരുട്ട് കട്ടപിടിച്ച്  മഴയുടെ ആരവം കേട്ടു തുടങ്ങി.ഒരു തരി വെട്ടമില്ലാത്ത നിർജനമായ റോഡിൽ ഡോക്ടറെ കണ്ട് ഞാനിറങ്ങി. ഭാരിച്ച മഴത്തുള്ളികളുമായി ആഞ്ഞു വീശുന്ന കാറ്റ് ഇരുണ്ട വൃക്ഷത്തലപ്പുകളെ ആടിയുലച്ചു കൂടെ  ഞങ്ങളും നനഞ്ഞ് കുതിർന്നു. അസഹ്യമായ തണുപ്പിൽ കുഞ്ഞു പനിച്ച് തുള്ളി.റോഡരികിലെ കടത്തിണ്ണയിൽ കയറി ഞാനവളെയും കെട്ടിപ്പിടിച്ച് നിന്നു.സർവത്ര വെള്ളം റോഡിലൂടെ പാഞ്ഞൊഴുകി കൊണ്ടിരുന്നു. അവൾ അത്ഭുതം കൂറുന്ന കണ്ണുകളോടെ മഴ കാഴ്ച കണ്ടു നിന്നു. എന്തൊക്കെയോ ഉത്തരം മുട്ടിക്കുന്ന നൂറു കൂട്ടം ചോദ്യങ്ങൾ അവളിലുരുത്തിരിയുന്നുണ്ടാകും. മഴ തോർന്നതും അവളെയുമെടുത്ത് ഞാനിറങ്ങിനടന്നു.

                സ്കൂൾ മുറ്റത്ത് കൂട്ടം കൂടി ആർത്തുല്ലസിക്കയാണ് ബാല്യങ്ങൾ.ഈ നൂറ്റാണ്ടിലെ പ്രളയത്തിന്റെ കാഴ്ചക്കാർ .മറന്നു പോകാനാവാത്ത വിധം ആഴത്തിലുറച്ചു പോയ ഒരു പ്രളയക്കഥ   പറഞ്ഞു കൊടുക്കാനുണ്ടവർക്ക് ഇനി പിറക്കാനിരിക്കുന്നവർക്ക് പകരാൻ. ഞങ്ങൾ റോഡരികിലൂടെ വീട്ടിലേക്ക് നടന്നു.സ്ക്കൂൾമുറ്റത്ത് കളിച്ചുല്ലസിക്കാൻ വേണ്ടത്ര വെള്ളം കെട്ടി നിൽക്കുന്നുണ്ട് .മുതിർന്നവരുടെ ദുരിതം കുട്ടികൾക്കാഘോഷമാണ്. പണ്ട് സ്കൂളിൽ പോകുന്ന വഴിയിൽ പാടവും തോടുകളും നിറഞ്ഞ് കവിഞ്ഞ് പുലയരുടെ കുടിലുകൾക്കും ചുറ്റും വെള്ളം കെട്ടി നിൽക്കുന്നതും കണ്ട്  കാൽമുട്ടിനു താഴെ വെള്ളം നീന്തി കടന്നു പോകാൻ അതിയായ ഉത്സാഹമായിരുന്നു. അന്ന് അവരുടെ ഇറയത്ത് കിളിർത്ത തിണ്ണയിൽ പായ വിരിച്ച് ചാക്ക് മൂടി പുതച്ച് കിടന്നിരുന്നു ഞങ്ങളുടെ സഹപാഠി മണി.   തടിച്ച ചുണ്ടുകൾക്കിടയിലൂടെ ഒലിപ്പിച്ച ഈത്തയുമായി ഉരുണ്ട മുക്കും ചുരുണ്ട മുടിയും വായ നിറഞ്ഞു കവിഞ്ഞ പല്ലു മായി വെളുക്കെ ചിരിക്കുന്ന അവനിൽ ഒരു ശിലായുഗ മനുഷ്യന്റെ ഛായ ഞാൻ കണ്ടെത്തി.അടുത്ത |കാലം വരെ അവന്റെ അമ്മയെ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. തിരക്കു പിടിച്ച ഏതോ ഒരു ദിവസത്തിന്റെ പകലിൽ വീണ്ടും ഞാനാ വെറുപ്പു പടർത്തുന്ന പ്രാകൃത രൂപത്തെ കണ്ടു.കൂടെ അവന്റെ അമ്മയും. ഒരു നേരത്തെ വിശപ്പടക്കാൻ എന്റെ വീട്ടിലെ  മുറ്റമടിക്കാരിയായി വന്നിരുന്നു അവന്റെ അമ്മ.

എന്തിനവനെ ദൈവം ഈ രൂപത്തിൽ സൃഷ്ടിച്ചു എന്ന ചിന്ത അവന്റെ അച്ഛനാര് എന്ന ദുരൂഹത നിറഞ്ഞ ചോദ്യമായി മനസ്സിൽ പരിണമിച്ചു. എനിക്കും അവനും മുൻപേ കഴിഞ്ഞു പോയ തലമുറകൾ ക്കും മുൻപേ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനും  മുൻപേ ഒരൊറ്റ ആത്മാവിൽ നിന്ന് വേർപെട്ട് അനേകമനേകം ആത്മാവുകളായി പരിണമിച്ചതാണെന്ന ബോധ്യത്തിൽ  എന്നിലെ വെറുപ്പിനെയും അവനിലെ കറുപ്പിനെയും  കുടഞ്ഞെറിഞ്ഞു കളഞ്ഞ എന്റെ ഹൃദയം സഹതാപത്തിന്റെ മൂടുപടമണിഞ്ഞു.

                      കൗമാരത്തിന്റെ കൗതുകങ്ങളിൽ സംഭവിക്കാൻ  പാടില്ലായിരുന്ന അരുതായ്മകളെ കാലം അതിന്റെ വിസ്മൃതികളിലേക്ക് സൗകര്യ പൂർവ്വം മറച്ചു വയ്ക്കുന്നു. അല്ലെങ്കിലത് ഒരു കഴിഞ്ഞു പോയ കഥ മാത്രമാവുന്നു. എന്റെ ചോദ്യത്തിനുത്തരം തന്നയാൾക്കും അത് വെറുമൊരു കഥ മാത്രമാവുന്നു. അന്നുവരെ എനിക്കറിയാഞ്ഞ ആ പരസ്യമായ രഹസ്യം  എന്റെ ഹൃദയത്തെ കൊളുത്തി വലിച്ചു. പട്ടിണിയും പരിവട്ടവും അവന്റെ അമ്മയുടെയും സഹോദരൻമാരുടെയും പ്രാകൃത ജീവതവും അവനെന്ന സത്യമായി പൊരുത്തപ്പെടാൻ മനസ്സ് ഒരു പാട് സമയമെടുത്തു.അവന്റെ അച്ഛൻ ആരെന്ന് അവനറിഞ്ഞിരിക്കുമോ

എന്നൊരാധി അതെന്റെ മാത്രം ആധിയാവുന്നു. ഇനി അവൻ അതൊരിക്കലും അറിയാതിരിക്കട്ടെ എന്ന് ഞാനാശിക്കുന്നു. അവന്റെ ബുദ്ധിയുടെ പരിമിതി  ആ ചോദ്യമുയർത്താതിരിക്കട്ടെ. ആരെയാണ് പഴിക്കേണ്ടത് വിധിയെയോ അതൊ മനുഷ്യരെയോ. എന്ത് തന്നെയായാലും ഇന്നും ഈ ലോകത്ത് തുടർന്ന് കൊണ്ടിരിക്കുന്ന സത്യം. 


ചുറ്റുമുള്ളവർ ജീവിതമെത്തി പിടിച്ചപ്പോഴും ഒരു ജീവിതമില്ലാതെ പോയ ഒരമ്മയും മകനും. പെയ്തു കൊണ്ടിരിക്കുന്ന ദുരിതത്തിൽ ഏതെങ്കിലുമൊരു ക്യാംപിൽ അവരുമുണ്ടാകും. കാലത്തിന്റെ  കോമാളികളായി. 

മഴ ആർത്തലച്ച് പെയ്യുകയാണ്. എന്നും ഉത്സാഹത്തോടെ കണ്ടിരുന്ന മഴ ഒരു ഭയമായി അരിച്ചിറങ്ങുന്നു.

കുഞ്ഞു മഴക്കാഴ്ച കാണാൻ ഇറയത്ത് വന്നിരുന്നു.

                              ഫാബി

                              

Thursday 14 February 2019

നോവ്

സൃഷ്ടി തൻ വ്യർത്ഥമാം
കാത്തിരിപ്പിൻ
പ്രതിഷേധം തീർക്കുന്നു
എന്റെ ഗർഭപാത്രം

ദുസ്സഹമീ പ്രാണവേദന
അടരുവാൻ വയ്യ നിന്നിൽ
നിന്നെന്ന് പറഞ്ഞിടുന്നു
മൂകം  ഈ യൗവനത്തിൻ
രക്ത തുള്ളികൾ
 
മാലോകരൊക്കെയും
പറഞ്ഞിടുന്നു ജീവന്റെയീ
രക്തമശുദ്ധമെന്ന്
ഇതിലല്ലോ നീ ന്മം
കൊണ്ടതും കൊടുത്തതും
അശുദ്ധ ഞാൻ മാത്രമോ

Tuesday 5 February 2019

യാ ഇലാഹീ

എന്റെ ചിന്തകളിൽ നിന്നവധിയെടുത്ത് ഞാനുറക്കത്തിലേക്ക് വഴുതി.  ഇടുങ്ങിയതും അല്ലെങ്കിൽ വിശാലമാക്കപ്പെട്ട വഴിയിലൂടെ ഞാൻ സഞ്ചരിച്ചു തുടങ്ങി.ഞാൻ വിവസ്ത്രയാണെന്നും എനിക്ക് ശരീരമില്ലെന്നും തോന്നി. ഞാനെന്തൊക്കെയോ പീഢകൾ അനുഭവിക്കുന്നുണ്ട്. ഉറക്കെ ഒച്ചയെടുക്കാൻ തോന്നി. എഴുന്നേറ്റ് ഓടണമെന്നുണ്ട് കാലുകൾ അനങ്ങുന്നില്ല. എന്റെ തലയിൽ ആരോ ശക്തിയായി അമർത്തി പിടിച്ചു.  മരണ ഭയത്താൽ കണ്ണുകൾ തുറന്നു. അതൊരു സ്വപ്നമായിരുന്നു . ശരീരമെന്ന വസ്ത്രത്തെ അഴിച്ചുവച്ചുള്ള ആത്മാവിന്റെ സഞ്ചാരങ്ങളാണോ സ്വപ്നങ്ങൾ. അഗാധമായ ഉറക്കത്തിലായിരിക്കേ  കാണുന്ന സ്വപ്നങ്ങളിൽ നാം അനുഭവിക്കുന്നതൊക്കെയും യാഥാർത്ഥ ത്ഥ്യമാണെന്ന് തോന്നും.

മരിച്ചു കഴിഞ്ഞാൽ പുറമേ നടക്കുന്ന തൊന്നും നാം അറിയില്ലത്രേ. ഉറക്കം അതിനുള്ള  ദൃഷ്ടാന്തമത്രെ. ശരീരമെന്ന കൂട് വിട്ട് ആത്മാവ് മാത്രമാവുന്നതല്ലേ നമ്മുടെ മരണം. മരണവും ഒരു ഉറക്കമാണെങ്കിൽ പുറമെയുള്ള കാര്യങ്ങൾ നാം അറിയുന്നതെങ്ങിനെ . അങ്ങിനെയെങ്കിൽ മരിച്ചു പോയവരുടെ ആത്മാക്കൾക്കെങ്ങിനെ നമ്മെ സഹായിക്കാൾ കഴിയും. എല്ലാറ്റിനും കഴിവുണ്ടായിരിക്കേ എന്തിനാണ് അവന്ന് ഇടനിലക്കാർ.ഒന്നുമറിയാത്ത പ്രായത്തിൽ പ്രതിസന്ധികളിൽ എന്റെ രക്ഷകൻ അള്ളാഹു മാത്രമായിരിക്കേ ഞാനെന്തിന് മറ്റുള്ളവരെ കൂട്ടുപിടിക്കണം.

അറിയാൻ വയ്യാത്ത ആധികളും പറയാൻ അറിയാത്ത വ്യഥകളുമായി നടന്ന വഴികളിൽ എനിക്ക് കാവലായി, കരുത്തായി "ഞാനില്ലേ" എന്ന് ഹൃദയത്തോട് മന്ത്രിച്ചിരുന്നത് എന്റെ  നാഥനായിരുന്നെന്ന് കാലം പറഞ്ഞു.അനുഭവങ്ങളുടെ ഉമിത്തീയിലിട്ട് എന്നെ പരുവപ്പെടുത്തിയെടുത്ത സർവാധി നാഥാ നിനക്ക് സ്തുതി. ചിലത്  തന്നതിനും ചിലത് തരാതിരുന്നതിനും നിനക്ക് സ്തുതി. എനിക്ക് നീ തന്നെ മതി.

Thursday 31 January 2019

പ്രണയ കല്പനകൾ

.ആശുപത്രിയുടെ നീളൻ വരാന്തയിൽ കാത്തിരിക്കുന്നതിനിടെയാണ്  അവൾ ആ ദമ്പതികളെ  ശ്രദ്ധിച്ചത്.  കാത്തിരുന്ന് മുഷിഞ്ഞ്  ആ  സ്ത്രീ അയാളുടെ  മടിയിൽ തല വച്ച് കിടന്നു. അയാൾ വാത്സല്യപൂർവ്വം അവരുടെ തലയിൽ തടവി.  ഈ പ്രായത്തിലും  അവർക്കിടയിലെ  പ്രണയം അവളിൽ  കുറച്ചൊരസൂയ ഉളവാക്കി. നേരെ എതിർ ദിശയിൽ  കണ്ട  പ്രതിബിംബം  തന്നെ നോക്കി സഹതപിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. ദുർമേദസില്ലാത്ത ശരീരം അവൾക്കഭിമാനമേകാറുണ്ടെങ്കിലും.   പ്രണയ ദാരിദ്രത്താൽ അവളുടെ ആത്മാവ് ഖിന്നയായി .ജീവിത വ്യവഹാരങ്ങളുടെ അനിവാര്യതകൾ  തേടിയകന്ന  പ്രവാസം പ്രണയത്തെ  മറന്നിരിക്കുന്നു.  അടിച്ചേൽപ്പിക്കപ്പെട്ട  വിരഹം  പെണ്ണിന്റെ സഹനത്തിന്റെ  അളവുകോലാണ്. വീണു കിട്ടുന്ന ഇടവേളകൾ വിരഹത്തെ പരിഹരിക്കുന്നുണ്ടോ. വികാരവിചാരങ്ങളില്ലാത്ത  യന്ത്രം കണക്കെ മറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കുന്നുവെന്നല്ലാതെ.
നോക്കി നിൽക്കേ പ്രതിബിംബത്തിന് പ്രായത്തിന്റെ ചുളിവുകൾ വീണു തുടങ്ങി.  മോഹങ്ങൾക്കും സ്വപ്നനങ്ങൾക്കും ജരാനരകൾ ബാധിച്ചു .പതിവ്രതയായ ഭാര്യയെന്ന അഭിമാനബോധം ഒരു നഷ്ടബോധം കൂടിയായി. യൗവനത്തിന്റെ തീക്ഷണതയിൽ എവിടെയൊക്കെയോ പറന്നു നടന്ന് പ്രണയിക്കമെന്ന മോഹങ്ങൾ വെറും വ്യാമോഹങ്ങളായിരുന്നു.


സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അയാളെ ഇപ്പോൾ കാണാറില്ലല്ലോ. കാണുമ്പോൾ എപ്പോഴും തന്നെ നോക്കി ചിരിക്കുന്ന ബംഗാളിയെ കുറിച്ച് അവളോർത്തു. എന്താണാ ചിരിയിലുള്ളത്. ഭോഗാസക്തി ഉറങ്ങി കിടക്കുന്ന പ്രവാസി ഭാര്യയെയാണോ അയാൾ തന്നിൽ കണ്ടിട്ടുണ്ടാവുക. അതിലപ്പുറം ചിന്തിക്കാനുള്ള മാനസിക വികാസം അയാൾക്കുണ്ടാവുമോ. ഉണ്ടായിരിക്കാൻ വഴിയില്ല.  ചിന്തകൾക്ക്  കടിഞ്ഞാണിടാൻ സാധിക്കാത്തിടത്തോളം  അയാൾക്കെന്ത് വേണമെങ്കിലും  കരുതാം. കൂട്ടിന് ഭാര്യ യില്ലാത്ത അയാൾ അശ്ലീലങ്ങൾ കണ്ട് ആസ്വദിക്കുന്നുണ്ടാകാം. സ്വന്തം ഭാര്യയുടേതല്ലാത്ത  മറ്റൊരുവളുടെ  ശരീരം അല്ലെങ്കിലൊരുകിടപ്പറ  ദൃശ്യം  കാണുന്ന അയാളിൽ പ്രണയം എന്ന വികാരം ഉണ്ടാകുമോ.
എന്റെ  പ്രിയകാമുകാ  നിന്റെ  പ്രണയത്തെ നിർദ്ദയം  തള്ളിയതിൽ  ഞാൻ  ഖേദിക്കട്ടെ. നീ അറിഞ്ഞിരുന്നോ  ഈ അനാഥയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും നിയന്ത്രണങ്ങളുണ്ടായിരുന്നെന്ന്.  നിന്നിലെ കറുപ്പാണതിന് കാരണമെന്ന് നീ കരുതുന്നുണ്ടോ.  ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിടക്കുന്ന പ്രണയത്തെല്ലാതെ കറുപ്പിനോടോ വെളുപ്പിനോടോ പ്രത്യേകിച്ചെനിക്കൊരു മമതയുമില്ല. കൗമാരത്തിലെനിക്കു നേരെ വന്ന പ്രണയാർത്ഥനകളിർ നിന്നിലുണ്ടായിരുന്ന  ആത്മാർത്ഥത  നിന്റെ വിഷാദഛായയിൽ  ഞാനിന്ന് കാണുന്നു.
ആവിഷ്കാരിക്കാനാകാത്ത  പ്രണയവും അങ്ങാത്ത  ഭോഗതൃഷ്ണയും  തമ്മിലുള്ള യുദ്ധത്തിൽ  പ്രണയം  തോറ്റു  പോകുന്നു. ഹൃദയത്തിന്റെ ആഴങ്ങളിലുറങ്ങിക്കിടക്കുന്ന  പ്രണയത്തെ ഉണർത്താനാകാതെ ആത്മാവിന്റെഅലച്ചിലുകൾ അവസാനിക്കുന്നില്ല. സ്വയം സൃഷ്ടിച്ചെടുക്കാൻ   ശ്രമിച്ച  പ്രണയമുഹൂർത്തങ്ങൾ  അവഗണിക്കപ്പെടുമ്പോഴുള്ള  നഷ്ടബോധം തന്നെയൊരു  പ്രതികാര  ദാഹിയാക്കുമോ എന്നവൾ ഭയന്നു. "എന്തിന് ജീവിക്കുന്നു" വാർദ്ധക്യം  ബാധിച്ച  പ്രതിബിംബം ചോദ്യശരങ്ങളെയ്തു. പേറ്റുനോവുകൾക്ക് വേണ്ടി  ജീവിച്ചല്ലേ  മതിയാകൂ.  തനിക്ക് പ്രായമായി  തുടങ്ങിയെന്ന  കണ്ടെത്തൽ അവളിലൊരു വികാര വിചാരങ്ങളുമുണ്ടാക്കിയില്ല.  മരണമെന്ന വിളിക്കാതെ വന്നെത്തുന്ന  അതിഥിയെ  ആഗ്രഹിക്കുന്നുണ്ട്   പലപ്പോഴും സഫലമാകാത്ത   പ്രണയവും എന്തിനോ വേണ്ടി കാത്തു സൂക്ഷിച്ച പാതിവ്രത്യവും.

Wednesday 9 January 2019

ചിറകറ്റ പക്ഷി

.
.ഒ.പി സമയമായതിനു കാരണമാവും താഴെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളുടെ നല്ല തിരക്ക് വൈകുന്നേരമാവുമ്പോൾ എല്ലാം ശൂന്യമാവും. ഇതിപ്പൊ ഒരു പതിവായിരിക്കുന്നു. നാലാം തവണയാണ് ഇവിടെ. ഈശ്വരന്ന് പരീക്ഷിച്ചു മതിയായില്ലെന്ന് തോന്നുന്നു.എത്രയേറെ ആധുനിക സൗകര്യങ്ങളുണ്ടായിട്ടും എത്രയേറെ പണം ചിലവഴിച്ചിട്ടും പരിഹാരമില്ലാത്ത അസുഖത്തിന് കാവലായി ജീവിതം. അവൾ ഐ സി യു വിലായത് കൊണ്ട് തനിക്കിനി കുറച്ച് നേരം വിശ്രമിക്കാം. കുഴപ്പമൊന്നുമില്ലെന്ന്  ഡോക്ടർ പറഞ്ഞല്ലോ. ഓരോ തവണ പുറത്തേക്ക് വരുമ്പോ വീണ്ടും കാണാമെന്ന് അവൾ പറയുന്നുണ്ടാകും.അതാണ്ഇടക്കിടക്കുള്ള ഈ സന്ദർശനം. എല്ലാവരും വീട്ടുകാരെപ്പോലെപരിചിതരായിക്കഴിഞ്ഞിരിക്കുന്നു. നഴ്സുമാർ ഇപ്പോഴവൾക്ക് പ്രിയപ്പെട്ടവരാണ് . പക്ഷേ എന്തിനാണ് ഈശ്വരൻ ഇടക്കിടെഇങ്ങിനെ മരണത്തിന്റെ വക്കോളമെത്തിക്കുന്നത്. ഇതൊരു രണ്ടാം വീടാണ് ഈ 324-ആം നമ്പർ മുറിയിൽ,ഈശ്വരനെഴുതി വച്ച തിരക്കഥയിലെ കഥയെന്തെന്നറിയാത്ത കഥാപാത്രങ്ങളായി ജീവിതം ജീവിച്ചു തീർക്കുന്നവർ. ഒരോ മുറിയിലുമുണ്ടാകും ഓരോ കഥകൾ.കണ്ട കഥകൾ കണ്ടില്ലെന്നു നടിക്കുന്ന ചിലരും.
കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ചകൾ മങ്ങി. അതയാൾ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നിന്നു.അയാളാ സ്മാർട്ട് ഫോണിന്റെ ലോകത്താണ്. തന്നെക്കാളും മകളേക്കാളും പ്രിയപ്പെട്ടതായി  മറ്റാരൊക്കെയോ അയാൾക്കുണ്ട്. തന്റെ ഹൃദയത്തിന്റെ നിലവിളികളെ അയാൾ പരിഹാസത്തോടെ ഒരു പാഴ് കടലാസു പോലെ എത്ര തവണ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞിരിക്കുന്നു. വേദനകളെ തണുപ്പിക്കാനൊരു ഹൃദയം അതൊരു സ്വപ്നം മാത്രമായിരിക്കുന്നു. വാക്കുകൾ കൊണ്ട് ഹൃദയത്തിൽ തറക്കപ്പെടുന്ന മുള്ളുകൾനിരർത്ഥകജല്പനങ്ങളായിരിക്കുന്നു.
അവൾ തന്റെ മാത്രം ഉത്തരവാദിത്വമാണ്. വേദനകളും വിഷമങ്ങളും ഉറക്കമില്ലാത്ത രാത്രികളും തനിക്കുമാത്രം. സങ്കടങ്ങ ളിൽ ഒന്ന് ചേർത്ത് പിടിക്കാൻ ഒന്ന് വാരി പുണരാൻ ആരുമില്ലാതായിരിക്കുന്നു. മൂന്ന് ജന്മങ്ങൾ ജീവിക്കുന്ന സത്രമായിരിക്കുന്നു ആ വീട്‌.ദിനചര്യകൾ ഒരു തടസ്സവുമില്ലാതെ നടന്നു പോകുന്നു. സന്തോഷങ്ങൾക്കിവിടെ സ്ഥാനമില്ല. വീട്ടിലേക്കുള്ള മടക്കം അവളും ഇഷ്ടപ്പെടുന്നുണ്ടാവില്ല.
കൗമാരത്തിലേക്ക് കാലെടുത്ത് വയ്ക്കും മുന്നേ ശൈശവത്തിലേക്ക് തിരിച്ചു നടന്നവളാണ് അവൾ. ചിറകു വിടർത്തി പറക്കാനാവും മുമ്പേ തളർന്നുവീണു പോയവൾ. തന്നോളം വലുതായിട്ടും  ഒരു പിഞ്ചുകുഞ്ഞിനെപോലെ കൈകാലിട്ടടിക്കുകയും തോന്നുമ്പോ എഴുന്നേറ്റോടുകയും  ചെയ്യുന്നവൾ.ചിത്തഭ്രമത്തിന്റെ ആധിക്യത്തിൽ പിടിവിട്ടു പോകുന്ന നാഡീഞരമ്പുകൾ നിയന്ത്രണമില്ലാതെ ഒഴുക്കുന്ന മൂത്രത്തിലും ആർത്തവ രക്തത്തിലുംകുളിച്ചു കിടക്കേണ്ടി വരുന്നവൾ. ആത്മഹത്യ യെകുറിച്ച് എത്ര തവണ ചിന്തിച്ചു.   തനിക്കതിനൊന്നും ധൈര്യമില്ലാതെ പോയി. വിധിയിൽ വിശ്വസിക്കാതെ തരമില്ലല്ലോ. ഈശ്വരൻ തനിക്കു  മുമ്പേ അവളെയങ്ങു വിളിച്ചെങ്കിൽ.

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...