Tuesday 5 February 2019

യാ ഇലാഹീ

എന്റെ ചിന്തകളിൽ നിന്നവധിയെടുത്ത് ഞാനുറക്കത്തിലേക്ക് വഴുതി.  ഇടുങ്ങിയതും അല്ലെങ്കിൽ വിശാലമാക്കപ്പെട്ട വഴിയിലൂടെ ഞാൻ സഞ്ചരിച്ചു തുടങ്ങി.ഞാൻ വിവസ്ത്രയാണെന്നും എനിക്ക് ശരീരമില്ലെന്നും തോന്നി. ഞാനെന്തൊക്കെയോ പീഢകൾ അനുഭവിക്കുന്നുണ്ട്. ഉറക്കെ ഒച്ചയെടുക്കാൻ തോന്നി. എഴുന്നേറ്റ് ഓടണമെന്നുണ്ട് കാലുകൾ അനങ്ങുന്നില്ല. എന്റെ തലയിൽ ആരോ ശക്തിയായി അമർത്തി പിടിച്ചു.  മരണ ഭയത്താൽ കണ്ണുകൾ തുറന്നു. അതൊരു സ്വപ്നമായിരുന്നു . ശരീരമെന്ന വസ്ത്രത്തെ അഴിച്ചുവച്ചുള്ള ആത്മാവിന്റെ സഞ്ചാരങ്ങളാണോ സ്വപ്നങ്ങൾ. അഗാധമായ ഉറക്കത്തിലായിരിക്കേ  കാണുന്ന സ്വപ്നങ്ങളിൽ നാം അനുഭവിക്കുന്നതൊക്കെയും യാഥാർത്ഥ ത്ഥ്യമാണെന്ന് തോന്നും.

മരിച്ചു കഴിഞ്ഞാൽ പുറമേ നടക്കുന്ന തൊന്നും നാം അറിയില്ലത്രേ. ഉറക്കം അതിനുള്ള  ദൃഷ്ടാന്തമത്രെ. ശരീരമെന്ന കൂട് വിട്ട് ആത്മാവ് മാത്രമാവുന്നതല്ലേ നമ്മുടെ മരണം. മരണവും ഒരു ഉറക്കമാണെങ്കിൽ പുറമെയുള്ള കാര്യങ്ങൾ നാം അറിയുന്നതെങ്ങിനെ . അങ്ങിനെയെങ്കിൽ മരിച്ചു പോയവരുടെ ആത്മാക്കൾക്കെങ്ങിനെ നമ്മെ സഹായിക്കാൾ കഴിയും. എല്ലാറ്റിനും കഴിവുണ്ടായിരിക്കേ എന്തിനാണ് അവന്ന് ഇടനിലക്കാർ.ഒന്നുമറിയാത്ത പ്രായത്തിൽ പ്രതിസന്ധികളിൽ എന്റെ രക്ഷകൻ അള്ളാഹു മാത്രമായിരിക്കേ ഞാനെന്തിന് മറ്റുള്ളവരെ കൂട്ടുപിടിക്കണം.

അറിയാൻ വയ്യാത്ത ആധികളും പറയാൻ അറിയാത്ത വ്യഥകളുമായി നടന്ന വഴികളിൽ എനിക്ക് കാവലായി, കരുത്തായി "ഞാനില്ലേ" എന്ന് ഹൃദയത്തോട് മന്ത്രിച്ചിരുന്നത് എന്റെ  നാഥനായിരുന്നെന്ന് കാലം പറഞ്ഞു.അനുഭവങ്ങളുടെ ഉമിത്തീയിലിട്ട് എന്നെ പരുവപ്പെടുത്തിയെടുത്ത സർവാധി നാഥാ നിനക്ക് സ്തുതി. ചിലത്  തന്നതിനും ചിലത് തരാതിരുന്നതിനും നിനക്ക് സ്തുതി. എനിക്ക് നീ തന്നെ മതി.

No comments:

Post a Comment

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...