Wednesday 25 September 2019

കോമാളികൾ

                        

      കുഞ്ഞുവിന് നല്ല പനി. മഴ തോരാതെ തരമില്ല.റോഡിലെവെള്ളം എപ്പോഴാണാവോ ഈ പടി കയറി വരുന്നത് ഇടമുറിഞ്ഞ്  ഇടക്കിടെ വെയിൽ കാണിച്ച് പറ്റിക്കുന്ന കർക്കിടക മഴയല്ല, ഇരുട്ടുകുത്തി ആർത്തലച്ച് ഭയപെടുത്തി ആരോടൊക്കെയൊ പ്രതികാരം ചെയ്യുന്ന മഴ, മഴയുടെ പ്രവചിക്കാനാവാത്ത  രൂപവും ഭാവവും.

                           മഴ തോർന്നതും രണ്ടും  കലപിച്ച് ഞാനിറങ്ങി. വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് പായുകയാണ് ജനങ്ങൾ. സൂര്യവെളിച്ചത്തിന്റെ ലാഞ്ചന പോലുമില്ലാത്ത സന്ധ്യയിൽ വീണ്ടും ഇരുട്ട് കട്ടപിടിച്ച്  മഴയുടെ ആരവം കേട്ടു തുടങ്ങി.ഒരു തരി വെട്ടമില്ലാത്ത നിർജനമായ റോഡിൽ ഡോക്ടറെ കണ്ട് ഞാനിറങ്ങി. ഭാരിച്ച മഴത്തുള്ളികളുമായി ആഞ്ഞു വീശുന്ന കാറ്റ് ഇരുണ്ട വൃക്ഷത്തലപ്പുകളെ ആടിയുലച്ചു കൂടെ  ഞങ്ങളും നനഞ്ഞ് കുതിർന്നു. അസഹ്യമായ തണുപ്പിൽ കുഞ്ഞു പനിച്ച് തുള്ളി.റോഡരികിലെ കടത്തിണ്ണയിൽ കയറി ഞാനവളെയും കെട്ടിപ്പിടിച്ച് നിന്നു.സർവത്ര വെള്ളം റോഡിലൂടെ പാഞ്ഞൊഴുകി കൊണ്ടിരുന്നു. അവൾ അത്ഭുതം കൂറുന്ന കണ്ണുകളോടെ മഴ കാഴ്ച കണ്ടു നിന്നു. എന്തൊക്കെയോ ഉത്തരം മുട്ടിക്കുന്ന നൂറു കൂട്ടം ചോദ്യങ്ങൾ അവളിലുരുത്തിരിയുന്നുണ്ടാകും. മഴ തോർന്നതും അവളെയുമെടുത്ത് ഞാനിറങ്ങിനടന്നു.

                സ്കൂൾ മുറ്റത്ത് കൂട്ടം കൂടി ആർത്തുല്ലസിക്കയാണ് ബാല്യങ്ങൾ.ഈ നൂറ്റാണ്ടിലെ പ്രളയത്തിന്റെ കാഴ്ചക്കാർ .മറന്നു പോകാനാവാത്ത വിധം ആഴത്തിലുറച്ചു പോയ ഒരു പ്രളയക്കഥ   പറഞ്ഞു കൊടുക്കാനുണ്ടവർക്ക് ഇനി പിറക്കാനിരിക്കുന്നവർക്ക് പകരാൻ. ഞങ്ങൾ റോഡരികിലൂടെ വീട്ടിലേക്ക് നടന്നു.സ്ക്കൂൾമുറ്റത്ത് കളിച്ചുല്ലസിക്കാൻ വേണ്ടത്ര വെള്ളം കെട്ടി നിൽക്കുന്നുണ്ട് .മുതിർന്നവരുടെ ദുരിതം കുട്ടികൾക്കാഘോഷമാണ്. പണ്ട് സ്കൂളിൽ പോകുന്ന വഴിയിൽ പാടവും തോടുകളും നിറഞ്ഞ് കവിഞ്ഞ് പുലയരുടെ കുടിലുകൾക്കും ചുറ്റും വെള്ളം കെട്ടി നിൽക്കുന്നതും കണ്ട്  കാൽമുട്ടിനു താഴെ വെള്ളം നീന്തി കടന്നു പോകാൻ അതിയായ ഉത്സാഹമായിരുന്നു. അന്ന് അവരുടെ ഇറയത്ത് കിളിർത്ത തിണ്ണയിൽ പായ വിരിച്ച് ചാക്ക് മൂടി പുതച്ച് കിടന്നിരുന്നു ഞങ്ങളുടെ സഹപാഠി മണി.   തടിച്ച ചുണ്ടുകൾക്കിടയിലൂടെ ഒലിപ്പിച്ച ഈത്തയുമായി ഉരുണ്ട മുക്കും ചുരുണ്ട മുടിയും വായ നിറഞ്ഞു കവിഞ്ഞ പല്ലു മായി വെളുക്കെ ചിരിക്കുന്ന അവനിൽ ഒരു ശിലായുഗ മനുഷ്യന്റെ ഛായ ഞാൻ കണ്ടെത്തി.അടുത്ത |കാലം വരെ അവന്റെ അമ്മയെ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. തിരക്കു പിടിച്ച ഏതോ ഒരു ദിവസത്തിന്റെ പകലിൽ വീണ്ടും ഞാനാ വെറുപ്പു പടർത്തുന്ന പ്രാകൃത രൂപത്തെ കണ്ടു.കൂടെ അവന്റെ അമ്മയും. ഒരു നേരത്തെ വിശപ്പടക്കാൻ എന്റെ വീട്ടിലെ  മുറ്റമടിക്കാരിയായി വന്നിരുന്നു അവന്റെ അമ്മ.

എന്തിനവനെ ദൈവം ഈ രൂപത്തിൽ സൃഷ്ടിച്ചു എന്ന ചിന്ത അവന്റെ അച്ഛനാര് എന്ന ദുരൂഹത നിറഞ്ഞ ചോദ്യമായി മനസ്സിൽ പരിണമിച്ചു. എനിക്കും അവനും മുൻപേ കഴിഞ്ഞു പോയ തലമുറകൾ ക്കും മുൻപേ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനും  മുൻപേ ഒരൊറ്റ ആത്മാവിൽ നിന്ന് വേർപെട്ട് അനേകമനേകം ആത്മാവുകളായി പരിണമിച്ചതാണെന്ന ബോധ്യത്തിൽ  എന്നിലെ വെറുപ്പിനെയും അവനിലെ കറുപ്പിനെയും  കുടഞ്ഞെറിഞ്ഞു കളഞ്ഞ എന്റെ ഹൃദയം സഹതാപത്തിന്റെ മൂടുപടമണിഞ്ഞു.

                      കൗമാരത്തിന്റെ കൗതുകങ്ങളിൽ സംഭവിക്കാൻ  പാടില്ലായിരുന്ന അരുതായ്മകളെ കാലം അതിന്റെ വിസ്മൃതികളിലേക്ക് സൗകര്യ പൂർവ്വം മറച്ചു വയ്ക്കുന്നു. അല്ലെങ്കിലത് ഒരു കഴിഞ്ഞു പോയ കഥ മാത്രമാവുന്നു. എന്റെ ചോദ്യത്തിനുത്തരം തന്നയാൾക്കും അത് വെറുമൊരു കഥ മാത്രമാവുന്നു. അന്നുവരെ എനിക്കറിയാഞ്ഞ ആ പരസ്യമായ രഹസ്യം  എന്റെ ഹൃദയത്തെ കൊളുത്തി വലിച്ചു. പട്ടിണിയും പരിവട്ടവും അവന്റെ അമ്മയുടെയും സഹോദരൻമാരുടെയും പ്രാകൃത ജീവതവും അവനെന്ന സത്യമായി പൊരുത്തപ്പെടാൻ മനസ്സ് ഒരു പാട് സമയമെടുത്തു.അവന്റെ അച്ഛൻ ആരെന്ന് അവനറിഞ്ഞിരിക്കുമോ

എന്നൊരാധി അതെന്റെ മാത്രം ആധിയാവുന്നു. ഇനി അവൻ അതൊരിക്കലും അറിയാതിരിക്കട്ടെ എന്ന് ഞാനാശിക്കുന്നു. അവന്റെ ബുദ്ധിയുടെ പരിമിതി  ആ ചോദ്യമുയർത്താതിരിക്കട്ടെ. ആരെയാണ് പഴിക്കേണ്ടത് വിധിയെയോ അതൊ മനുഷ്യരെയോ. എന്ത് തന്നെയായാലും ഇന്നും ഈ ലോകത്ത് തുടർന്ന് കൊണ്ടിരിക്കുന്ന സത്യം. 


ചുറ്റുമുള്ളവർ ജീവിതമെത്തി പിടിച്ചപ്പോഴും ഒരു ജീവിതമില്ലാതെ പോയ ഒരമ്മയും മകനും. പെയ്തു കൊണ്ടിരിക്കുന്ന ദുരിതത്തിൽ ഏതെങ്കിലുമൊരു ക്യാംപിൽ അവരുമുണ്ടാകും. കാലത്തിന്റെ  കോമാളികളായി. 

മഴ ആർത്തലച്ച് പെയ്യുകയാണ്. എന്നും ഉത്സാഹത്തോടെ കണ്ടിരുന്ന മഴ ഒരു ഭയമായി അരിച്ചിറങ്ങുന്നു.

കുഞ്ഞു മഴക്കാഴ്ച കാണാൻ ഇറയത്ത് വന്നിരുന്നു.

                              ഫാബി

                              

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...