Friday 20 November 2020

സദാചാരം

അമ്മയെ വിളിക്കാനായി അവൾ ഫോൺ എടുത്തതാണ്  അത് ചത്തിരിക്കുന്നു. അവൾ ഭർത്താവിന്റെ ഫോൺ എടുത്തു.
പിന്നെ അതിലൊന്ന് പരതി. "ഛെ " നിറയെ അശ്ലീലങ്ങൾ . അവൾക്കറിയാം അതൊക്കെ കാണുെമെന്ന് . അതിനായി തന്നെ ഒരു വാട്ട്സാസാപ്പ് ഗ്രൂപ്പുണ്ട് . ദേഷ്യം അടിമുടി അരിച്ചു കയറി അതൊന്ന് എറിഞ്ഞ് പൊട്ടിക്കാൻ തോന്നിയെങ്കിലും
പിന്നീടുണ്ടാവുന്ന കോലാഹലങ്ങൾ ഓർത്ത് അവൾ വേണ്ടെന്നുവെച്ചു .
"ഛെ ,ഇന്നത്തെ ദിവസം പോയി കിട്ടി " അവൾ പിറുപിറുത്ത് അടുക്കളയിലെക്ക് കയറി.
 ജനലിനരികിൽ മൂടി വച്ചിരുന്ന പാത്രം അവൾ തുറന്ന് നോക്കി , നിറയെ ഉറുമ്പുകൾ
ഇന്നലെ ബാക്കി വന്ന അപ്പക്കഷണങ്ങൾ മൂടി വച്ചതായിരുന്നു. അവ
ചെറുതരികളാക്കി ചുമന്ന് സഞ്ചരിക്കുകയാണ് പുറത്തെവിടെയോ ഉള്ള ഭൂമിയിലെ ഗർഭത്തിലേക്ക് . അവൾ  പാത്രം എടുക്കാനാഞ്ഞു. "വേണ്ട, എന്തിനാ മിണ്ടാപ്രാണികെളെ ഉപദ്രവിക്കണം " എന്ന് മനസ്സ് പറഞ്ഞു, പാത്രം അനക്കാതെ വച്ചു. സംഘബോധത്തോടെ പരസ്പര വിശ്വാസത്തോടെ അവ നിരയായി സഞ്ചരിക്കുന്ന കാഴ്ച കൗതുകത്തോടെ കുറച്ചുനേരം നോക്കി  നിന്നുപോയി.
ജനവാതിലുകൾ തുറക്കാൻ ഭർത്താവ് അനുവദിക്കാറില്ല. എങ്കിലും കുറച്ച് വായുവും വെളിച്ചവും കിട്ടേട്ടേ എന്ന് കരുതി തുറന്നിട്ടു. 
പാത്രങ്ങൾ കഴുകി കൊണ്ടിരിക്കെ അവളുടെ കാഴ്ച ജനലിന്റെ പുറത്തേക്ക് പോയി അപ്പുറത്ത് കെട്ടിടത്തിൽ നിറയെ ബംഗാളികളാണ്. ലോക്ക് ഡൗണായപ്പോ മുഴുവൻ സമയം അവരുണ്ട്. ആദ്യമൊക്കെ അവിടുന്നൊരാൾ വെള്ളം ചോദിച്ചു വരാറുണ്ടായിരുന്നു. "അമ്മാ , പാനി " എന്ന്ചോദിച്ച് , കേൾക്കുമ്പോൾ അവൾക്ക് ചിരി വരും. ഏകദേശം തന്റെ തന്നെ പ്രായേമേ അയാൾക്കുള്ളൂ.   ആ ബഹുമാനം ഉണ്ടാകുമല്ലോ എന്ന് കരുതി ആ വിളി തിരുത്തിയില്ല. മുറി ഹിന്ദിയും മുറി മലയാളവുമായി അവർ പരസ്പരം സംസാരിച്ചു. പേര് ഭരതൻ മദ്ധ്യപ്രദേശുകാരൻ , ഭാര്യ സീമ നാല് കുട്ടികൾ അവൾ ഇവിടതന്നെ വീട്ടുജോലി ചെയ്യുന്നു. മക്കൾ അയാളുടെ നാട്ടിൽ അച്ഛൻറെയും അമ്മയുടെയും കൂടെ.
" അവരെ സൂക്ഷിക്കണം , അധികം ചങ്ങാത്തം വേണ്ട, വിശ്വസിക്കാൻ കൊള്ളാത്ത ജാതികൾ " ഭർത്താവ് അവളോട് കെറുവിച്ചു.
നാളുകൾ ശേഷം ഒരിക്കൾ ബസിൽ വച്ച് "അമ്മാ "എന്നൊരു പിൻവിളി
 ഭരതൻ ഭാര്യ സീമയുമായി . അവൾ നിറവയറായിരുന്നു പ്രസവം കഴിഞ്ഞ് നാട്ടിലേക്ക് പോകുമത്രേ.

ലോക്ക് ഡൗണിൽ ജോലി ഇല്ലാതെയായതിൽ പിന്നെ ഭർത്താവ് വീട്ടി തന്നെയുണ്ട്. അവളുടെ ജോലിഭാരം കൂടി .
കൊറോണ ഒന്ന് വേഗം പോയാൽ മതിയെന്ന് അവൾ ഇടക്കിടെ പറഞ്ഞു.
ചായയുടെ എണ്ണം കൂടിയിരുന്നു. ഭക്ഷണം വിളമ്പി പാത്രങ്ങൾ കഴുകി മടുത്തിരുന്നു.
അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് അവൾ വാതിലടച്ചു. ഉറുമ്പുകളും പാത്രം കാലിയാക്കി കൂടണഞ്ഞിരുന്നു.കുളി കഴിഞ്ഞ് അവൾ മുറിയിലേക്കെത്തി. കുട്ടികൾ കളി കഴിഞ്ഞ് ക്ഷീണിച്ച് ഉറങ്ങിയിരുന്നു. അയാൾ ആ ഫോണും കുത്തിപ്പിടിച്ച് ഇരിപ്പാണ്. വിരൽത്തുമ്പിനറ്റത്തെ വിശാലതയിൽ ഊളിയി ട്ട്  അശ്ലീലത ചേരുവ ചേർത്ത മത്തിക്കറി പരീക്ഷണങ്ങളും ആവിഷ്ക്കക്കാര സ്വാതന്ത്ര്യത്തിന്റെ കാൻവാസിൽ വരച്ചു ചേർത്ത ചിത്ര പ്രദർശനങ്ങളും കണ്ടാസ്വദിക്കുന്ന,
 പുറത്തിറങ്ങുമ്പോൾ എടുത്തണിയുകയും അകത്തേക്ക് കയറുമ്പോൾ അഴിച്ചിടുകയും  ചെയ്യുന്ന, അയാളുടെ  സദാചാര കുപ്പായത്തെ അവൾ  അപ്പാടെ വെറുത്തു .കഴുത്തിറക്കം കൂടിയ  നൈറ്റിയിലും കയറ്റിയുടുത്തപ്പോൾ കണ്ട കാൽവണ്ണയിലും അയാൾ പെണ്ണിലെ കുലീനത തിരഞ്ഞു. എന്തുകൊണ്ടോ അയാൾക്ക് അവളിെലെ അശ്ലീലതകൾ ആസ്വദിക്കാനായില്ല.
ഇനിയൊരങ്കത്തിനു കൂടി ആവതില്ലാത്ത വിധം അവൾ ക്ഷീണിച്ചിരുന്നു. കിടക്കാൻനേരം അകകാഴ്ചകൾക്കൊന്നും പഴുതില്ലെന്ന് ഉറപ്പു വരുത്തി ജനൽ പാളികൾ കുറ്റിയി
ടുന്നുണ്ടായിരുന്നു അയാൾ. 

No comments:

Post a Comment

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...