Tuesday 1 January 2019

സ്വപ്നം

          അവൾ സ്കൂൾ വിട്ട് വീട്ടിലെത്തിയ സമയം അകത്തേക്ക് കയറിയിട്ടേ ഉള്ളൂ. ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഞാനെടത്തു. "ഹലോ " അങ്ങേത്തലക്കൽ ഒരു കുഞ്ഞു ശബ്ദം. പിന്നെ അനക്കമൊന്നുമില്ല. അപ്പോഴാണ് ഇന്നലെ അവൾ എന്റെ ഫോൺ നമ്പർ എഴുതി വാങ്ങിയത് എന്റെ ചിന്തയിലോടിയത്  "ഫാത്തിമയാണോ " അങ്ങേത്തലക്കൽ ഫാത്തിമയുടെ ഉമ്മാടെ ചിരിയാണ് പിന്നെ കേട്ടത്. ഞാനെഴുതി കൊടുത്ത  നമ്പർ ആ അഞ്ചു വയസ്സുകാരുടെ കുഞ്ഞുകൈകളിൽ സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഞങ്ങൾ അതെ കുറിച്ച് അൽഭുതത്തോടെ സംസാരിച്ചു   . ഇടക്കിത് പോലെ കുഞ്ഞൽഭുതങ്ങൾ അവൾ എനിക്കായി കാത്ത് വയ്ക്കും.

                               അമ്മയും കുഞ്ഞും എന്ന വികാരത്തിന് പകരം  വയ്ക്കാൻ  ഈ ലോകത്ത്  മറ്റൊന്നിനുമാവില്ലെന്ന് ബോധ്യപ്പെട്ടത്  അവളിൽ നിന്നാണ്.വിവാഹം കഴിഞ്ഞ ഉടനേ എന്റെയുള്ളിൽ തുടിച്ച ജീവനിൽ എനിക്ക് താൽപര്യമേ ഇല്ലായിരുന്നു .ഇത് വേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നി.

ദൈവനിശ്ചയം എന്ന് കരുതി ഞാൻ മുന്നോട്ട് പോയി. എന്റെ കുഞ്ഞിന് യാതൊരാപത്തുമുണ്ടാവരുതേ എന്ന് പ്രാർത്ഥിച്ച് ഞാനാരാധനകളിൽ മുഴുകി.

ഒരു ദിവസം നീണ്ട യാതനകൾക്കൊടുവിൽ പെൺകുഞ്ഞ് എന്ന എന്റെ ആഗ്രഹത്തിന് നേർ വിപരീതമായി ഞാനെന്റെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകി .തറവാട്ടിലെ ആദ്യത്തെ ആൺ കുഞ്ഞായത് കാരണം എല്ലാവരും അതിയായി സന്തോഷിച്ചു.

                        ആ നിമിഷം മുതൽ ഞാനെപ്പോഴും കുറ്റം പറഞ്ഞിരുന്ന എന്റെ ഉമ്മ എന്നിൽ സ്നേഹമായി വന്നു നിറയുകയായിരുന്നു. ഞാൻ ഒരു പാട് കരഞ്ഞു പല ദിവസങ്ങളിലും.പ്രസവിച്ച പെണ്ണുങ്ങൾ ഇങ്ങനെ കരയാൻ പാടില്ലെന്ന് പറഞ്ഞ് പലരും ആശ്വസിപ്പിച്ചു .ഞാൻ കരഞ്ഞു എനിക്കാശ്വാസം കിട്ടുന്നത് വരെ.പിന്നെ പിന്നെ അവന്റെ കുഞ്ഞു കുസൃതികളിൽ ഞാനെന്റെ സങ്കടം മറന്നു.

എല്ലാവരുടെയും ഓമനയായി അവൻ വളർന്നു. ഒരു പെൺകുഞ്ഞ് എന്ന സ്വപ്നം സഫലമാവാൻ പിന്നെയും നീണ്ടുവർഷങ്ങൾ.
ചികിത്സകളും ആരംഭിച്ചിരുന്നു .ആയിടക്ക് ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു.പിങ്കും വെള്ളയും നിറം കലർന്ന ഇണപ്രാവുകൾ. എനിക്ക് നല്ല സന്തോഷം തോന്നി. എന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്ന പോലെ. ദിവസങ്ങൾ കഴിഞ്ഞ് ഞാനറിഞ്ഞു ഒരു കുഞ്ഞു ജീവൻ എന്റെയുള്ളിൽ തുടിക്കുന്നുണ്ടെന്ന്. എന്നെ ആശങ്കയിലാഴ്ത്തി ചിക്കൻപോക്സും വന്നെത്തി.അതവൻ സകൂ ളിൽ നിന്ന് കൊണ്ടുവന്ന് എനിക്ക് പകർന്നതായിരുന്നു.

അപ്പോഴും കണ്ടു ഒരു സ്വപ്നം. എന്റെ മരിച്ചു പോയ വെല്ലിമ്മ ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ റോൾ മോഡൽ. അവരെ പോലെ ആകണമെന്ന് ഞാനെപ്പോഴും ആഗ്രഹിച്ചു. പനിച്ചൂടിന്റെ അർദ്ധബോധാവസ്ഥയിൽ ഞാനെന്റെ വെല്ലിമ്മയെ കണ്ടു. എന്റെ അടുത്ത് വന്നിരുന്ന് തലയിൽ തടവി പിന്നെ അകന്നകന്ന് പോയി. " ഉമ്മാ" എന്ന് വിളിച്ച് ഞാൻ പേടിച്ച രണ്ടെഴുന്നേറ്റു. ഇപ്പൊ മരിക്കുമെന്ന് തോന്നി.ശബ്ദം പുറത്തേക്ക് വന്നില്ല.

               ഞാൻ പ്രതീക്ഷയോടെ ആരാധനകളിൽ മുഴുകി.ഇത് റിസ്കാന്നെന്ന് ഡോക്ടർ പറഞ്ഞിരുന്നു .ആറാഴ്ച മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. വേണ്ടെന്ന് വയ്ക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.എനിക്കു ചുറ്റുമുള്ളവർ അവരുടെ ആശങ്കകൾ പങ്കുവച്ചപ്പോഴും ഞാനതിനെ ധൈര്യപൂർവ്വം നേരിട്ടു.പല ഡോക്ടർമാരെയും കണ്ടു. എല്ലാം ദൈ വത്തിന്റെ കൈകളിൽ ഞാനേൽപിച്ചു. എന്റെ സമ്മതം മാത്രം മതിയായിരുന്നു ആ ജീവനില്ലാതാവാൻ.

                           

                                മാസങ്ങൾ കടന്ന് പോയി .പുറത്ത് നിന്നവരെ ആശങ്കയിലാക്കി ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി

 പെൺകുഞ്ഞായതിന്റെ സന്തോഷം ഡോക്ടറും ഞാനും പങ്കുവച്ചു എല്ലാവരും കാത്തിരിക്കുകയായിരുന്നു ആ കുഞ്ഞിനെ ഒന്നു കാണാനും ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പു വരുത്താനും .ചുണ്ടിൻ ഒരു ചെറുപുഞ്ചിരി മായി എന്റെ മകൾ .എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഉറക്കമുണർന്നതും ആരാ എന്നെ പുറത്തേക്ക് വലിച്ചിട്ടത് എന്ന് ചോദിച്ച് അവൾ നിർത്താതെ കരച്ചിലാരംഭിച്ചു.പ്രസവത്തിന്റെ ആലസ്യവും അവളുടെ കരച്ചിലുമായി മൂന്നു ദിവസം പോയി. പാലു കുടിക്കാതെ വാശി കാണിച്ച് കരഞ്ഞ്തളർന്ന് അവളുറങ്ങും.

                           അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം. അതാണ് ഒരു കുഞ്ഞ് ആദ്യം കേൾക്കുന്ന സംഗീതം .ആ അറിവിൽ  കരഞ്ഞതുടങ്ങിയ അവളെ ഞാനെന്റെ ഇടനെഞ്ചോട് ചേർത്തു കീർത്തനങ്ങൾ ചൊല്ലി .അവൾക്ക് സമാധാനമായെന്ന് തോന്നുന്നു .പതുക്കെ അവൾ പാൽ കുടിക്കാൻ തുടങ്ങി. പിന്നെ ഞാൻ മാത്രമെ ടുത്താൽ മതിയായിരുന്നു അവളുടെ കരച്ചിൽ മാറാൻ. എല്ലാവരും അതിൽ അൽഭുതം കൂറി.അവളുടെ വാശി എന്നെ പലപ്പോഴും ബുദ്ധിമുട്ടിലാക്കി.ആ ബുദ്ധിമുട്ടിൽ എനിക്ക് സന്തോഷവും.

                       അവളുടെ കുറുമ്പുകളും വർത്തമാനങ്ങളും എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്ത് ചെയ്യാനും ഞാനവളെ അനുവദിച്ചു. എന്റെ ദുഃഖങ്ങളിൽ അവളെനിക്ക് വലിയ ആശ്വാസമായി. ചിക്കൻപോക്സ് വന്ന് നാലാം മാസം അബോർട് ചെയ്തതും അസുഖക്കാരിയായ കുഞ്ഞിനെയും പിന്നെഞങ്ങൾ കണ്ടു. ദൈവത്തിന് സ്തുതി അവളില്ലാത്ത ലോകത്തിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ വയ്യ. എന്നാലും മനസ്സിലൊരു പ്രതീക്ഷ ദൈവം എനിക്കായി അവളിലെന്തൊക്കെയോ കാത്ത് വച്ചിരിക്കുന്ന തോന്നൽ. എന്റെ മോഹങ്ങളും സ്വപ്ങ്ങളും അവളിലൂടെ യാഥാർത്ഥ്യമായെങ്കിൽ.

                                     

1 comment:

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...